Saturday, March 21, 2009

അനുഗ്രഹിക്കണേ....

ബഹുമാനപ്പെട്ട ബ്ലോഗർ ഗുരുക്കന്മാരേ, ബ്ലോഗ് പരമ്പരദൈവങ്ങളേ, വന്ദനം
ഞാൻ വലതുകാൽ വച്ചു വരികയാണ്; അനുഗ്രഹിച്ചാലും
പത്താം ക്ലാസ്സ് കഴിഞ്ഞതേയുള്ളു; കുറച്ചൊക്കെ എഴുതും-കവിതയാണു് മുഖ്യം.
പിന്നെ അക്ഷരശ്ലോകം അറിയാം.
എന്റെ ബ്ലോഗ് ഇടക്കൊക്കെ സന്ദർശിക്കാൻ സമയം കണ്ടെത്തണേ....

ഒരു കവിതയോടെ തുടങ്ങാം: “വസന്തകാലം”

വരവായ് ഋതുക്കൾ തൻ റാണി, മരിച്ചൊരീ
മനസ്സുകൾക്കൊരു പുലർകാല നിവേദ്യമായ്
പുനർജ്ജനിച്ചീടുകയാവാം,അരിയപുൽ-
ച്ചെടികളും പൂക്കളും മാനസപുഷ്പവും

ഉണരുകയാണു, കൺചിമ്മുകയാണൊരു
വാസന്തപ്പുലരിതൻ മായയാലോർമ്മയിൽ
തെളിയും പ്രഭാതവും പൊന്മണിപ്പൂക്കളും
ഒരു കുഞ്ഞു ബാല്യവും ചിറകുള്ള സ്വപ്നവും

അലസമായ് മന്നിൻ മടിയിൽ പതിച്ചൊരാ-
മലരിന്റെ നെഞ്ചം മിടിച്ചിടും നാദമെൻ-
കരളിനെ തൊട്ടുതലോടി,അറിഞ്ഞു ഞാൻ
പ്രിയമുള്ളവളെന്റെ
വാതിലിന്നപ്പുറം
പനിനീർസുഗന്ധമായ്, ഒരു നേർത്ത തെന്നലായ്

വിടരുവാൻ വെമ്പുന്ന പൂക്കളെ നോക്കി, പു-
ഞ്ചിരി തൂകി മറയുമീ മന്ദസമീരനും
അരുണിമയാലീ വിപിനം ശബളിതം
കോകിലവാണിയാലെങ്ങും മുഖരിതം

ഹരിതവർണാഭയായ് പ്രക്രുതി, മനോഹരി
കവരുന്നു മാനവ ഹ്രുദയവും സ്വപ്നവും
നെൽക്കതിർ കൊത്തുവാനെത്തിടും തത്ത തൻ
പവിഴമാമധരവും മധുരമാം കൊഞ്ചലും
പരിമളമൊഴുകുന്ന, പൂർണേന്ദു തെളിയുന്ന
രാവും, നിശയുടെ നിശ്ശബ്ദ നാദവും
മാമലനാട്ടിൻ, മലയാളനാട്ടിൻ മ-
നം പുണർന്നീടുമൊരോണവും തന്നവൾ
പോകാനൊരുങ്ങവേ, പൊഴിയുന്നു കണ്ണുനീർ-
ത്തുള്ളിയൊന്നെൻ കണ്ണിൽ നിന്നി,നിക്കാണുമോ?

ഒരു മയിൽ‌പ്പീലിയായെൻ മാനസത്തി-
ന്നിതൾച്ചെമ്പകത്തിലൊരിക്കൽ തലോടി നീ
അറിയുന്നു ഞാനിന്നുമോർമ്മതൻ വാതിൽക്ക-
ലണയാ‍തെ നിൽക്കുന്ന നിന്മുഖം കാണവേ

പുലരും പ്രഭാതത്തിലെന്നുമെൻ കർണ്ണത്തി-
ലണയാതുദിക്കുമോ നിൻ നൂപുരസ്വനം?
അതുവിധമായ് വരും നാളുകൾക്കായിന്നു-
മെന്നുമെന്നും കാത്തിരിപ്പു ഞാനെൻ സഖീ....